ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

പഞ്ചപാണ്ഡവന്‍മാര്‍ വനവാസക്കാലത്ത് ചതുരംഗം കളിച്ച പാറയാണ് ഈ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ചതുരംഗപ്പാറ എന്ന് സ്ഥലത്തിന്റെ ഐതിഹ്യമായി പഴമക്കാര്‍ പറയുന്നു. ഈ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ എല്ലാം തന്നെ പുരാണങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആദിവാസികള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തത് വിലപിടിപ്പുള്ള വനവിഭവങ്ങള്‍ സുലഭമായി ലഭിക്കുന്നതുകൊണ്ടും ഭക്ഷണത്തിന് ആവശ്യമായ കാട്ടുകിഴങ്ങുകളും, കായ്കനികളും വനജീവികളായ മാന്‍, കേഴ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ യഥേഷ്ടം വേട്ടയാടാന്‍ ലഭിക്കുന്നതുകൊണ്ടും ആയിരുന്നു. ആ കാലഘട്ടത്തിലും വനസമ്പത്തുകളായ തേന്‍, കുന്തിരിക്കം, മൃഗങ്ങളുടെ തുകല്‍, കാട്ടുകുരുമുളക്, കാട്ടുമഞ്ഞള്‍, ഏലക്കായ്, അപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് തമിഴ്നാട്ടില്‍ കൊണ്ടുപോയി വിറ്റഴിച്ചിരുന്നു. അവര്‍ തമിഴ്നാടുമായി ബന്ധപ്പെടുന്നതിന് ഉപയോഗിച്ചിരുന്ന കാട്ടുപാതകള്‍ ഇപ്പോഴും ജനങ്ങള്‍ ഉപയോഗിച്ചുപോരുന്നു. 1927-ല്‍ തമിഴ്വംശജരായ കുടിയേറ്റകര്‍ഷകര്‍ വ്യാപകമായി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ കുടിയേറിപ്പാര്‍ത്തു. മധുരജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ചതുരംഗപ്പാറ, ചാക്കുളുത്തിമെട്ട്, ബോഡിമെട്ട് തുടങ്ങിയ സ്ഥലങ്ങളിലൂടെ കാല്‍നടയായിട്ടാണ് ഇവര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നത്. 1950-മുതല്‍ മലയാളികളായ കുടിയേറ്റ കര്‍ഷകര്‍ ഈ മേഖലയില്‍ എത്തിത്തുടങ്ങി. കൊല്ലം, ആലപ്പുഴ, ചങ്ങനാശ്ശേരി, പാലാ, മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വന്നവരാണ് ആദ്യ മലയാളികളായ കുടിയേറ്റക്കാര്‍. വനം കൊള്ളക്കാരുടെ കേളീ രംഗമായിരുന്നു ഈ പ്രദേശം. വിലപിടിപ്പുള്ള പല സമ്പത്തുകളും കൊള്ളയടിച്ച് അവര്‍ തമിഴ്നാട്ടില്‍ വിറ്റുവന്നിരുന്നു. കുമിളി-മുന്നാര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടുകൂടി ഉടുമ്പന്‍ചോല കേന്ദ്രീകരിച്ച് കൂടുതല്‍ ആളുകള്‍ താമസം തുടങ്ങി. 1936 മുതല്‍ ഉള്ള പട്ടയ വസ്തുക്കള്‍ ഇവിടെ ഉണ്ട്. ഇത് തമിഴ് വംശജരുടേതാണ്. ഈ കാലഘട്ടത്തില്‍ വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഒന്നും തന്നെ ഈ പഞ്ചായത്തില്‍ ഇല്ലായിരുന്നു. ഉടുമ്പന്‍ചോല ആസ്ഥാനമായി ഉടുമ്പന്‍ചോല താലൂക്ക്, കോടതി, പോലീസ് സ്റ്റേഷന്‍ തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി ഉടുമ്പന്‍ചോലയില്‍ വാര്‍ത്താവിനിമയ രംഗത്തെ ആദ്യപടിയായ അഞ്ചല്‍ ഓഫീസ് നിലവില്‍ വന്നു. 1992-ല്‍ ആണ് ടെലിഫോണ്‍ സൌകര്യം ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ എത്തപ്പെട്ടത്. കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും, രോഗങ്ങളോടും മല്ലടിക്കുന്ന ജനങ്ങള്‍ മറ്റെല്ലാം മറന്ന് മണ്ണിനെ പൊന്നാക്കാന്‍ ഒറ്റക്കെട്ടായി പ്രയത്നിച്ചു. പട്ടയത്തിനും, മിനിമം കൂലിയ്ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും മലയോര കര്‍ഷകസംഘത്തിന്റെയും ഹൈലാന്‍ഡ് കര്‍ഷക യൂണിയന്റേയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഐക്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും ഇവര്‍ ഒറ്റക്കെട്ടായി അണിനിരന്നു. ഈ പഞ്ചായത്തില്‍ ആദ്യമായി നിലവില്‍ വന്ന വിദ്യാഭ്യാസ സ്ഥാപനം ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് എല്‍.പി.സ്കൂള്‍ ആണ്.

കാര്‍ഷികചരിത്രം

ആദ്യകാലത്തെ പ്രധാന കൃഷി ഏലം ആയിരുന്നു. മലയാളികളുടെ കുടിയേറ്റത്തോടുകൂടി നെല്ല്, മരച്ചീനി, വാഴ തുടങ്ങിയവ കൃഷിചെയ്യാനാരംഭിച്ചു. വന്യമൃഗങ്ങളുടെ ഉപദ്രവംമൂലം മറ്റു കൃഷികളിലേക്ക് കര്‍ഷകര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. തുടര്‍ന്ന് കുരുമുളക്, കാപ്പി, തെങ്ങ്, കമുക്, കൊക്കോ, ഇഞ്ചി, തേയില മുതലായവ കൃഷി ചെയ്യുവാന്‍ തുടങ്ങി. മുഖ്യവിളയായ ഏലത്തിന്റെ വിലത്തകര്‍ച്ചയും മാരകമായ രോഗങ്ങളും നിമിത്തം കര്‍ഷകര്‍ കുരുമുളക് കൃഷി വന്‍തോതില്‍ ആരംഭിച്ചു. അതിവര്‍ഷം, കടുത്ത വേനല്‍, കൊടുങ്കാറ്റ് എന്നിവമൂലവും പലതരം രോഗങ്ങള്‍ മൂലവും കുരുമുളക് കൃഷി പാടെതകര്‍ന്നു. കുരുമുളക് ചെടികള്‍ നാശോന്മുഖമായതോടുകൂടി കര്‍ഷകര്‍ വീണ്ടും ഏലം, കാപ്പി, തേയില എന്നിവയിലേക്ക് തിരിഞ്ഞു. മാറിമാറിയുള്ള കൃഷി രീതികള്‍ കര്‍ഷകരെ സാമ്പത്തികമായും മാനസികമായും തകര്‍ത്തു. വനനശീകരണം മണ്ണൊലിപ്പിന് കാരണമായി. കാലവര്‍ഷം നല്ല രീതിയില്‍ ലഭിക്കുന്ന പ്രദേശമാണിത്. കാലവര്‍ഷത്തോടൊപ്പം ശക്തിയായ കാറ്റും, ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്. മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഈ കാലത്ത് വമ്പിച്ച കൃഷി നാശവും  വ്യാപകമായി വീടുകള്‍ നശിക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ശക്തിയായ തുലാവര്‍ഷം അനുഭവപ്പെടുന്നു. 1927-ല്‍ തമിഴ് വംശജരായ കര്‍ഷകര്‍ ഉടുമ്പന്‍ചോല പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കുടിയേറിയതോടെ ഏലം കൃഷി വ്യാപകമായി ആരംഭിച്ചു. തുടര്‍ന്ന് കുടിയേറ്റകര്‍ഷകരും ഇവിടെ എത്തിയതോടെ ഏലം കൂടാതെ നെല്ല്, കപ്പ, ചേമ്പ്, വാഴ തുടങ്ങിയ സ്ഥിര ദേഹണ്ഡങ്ങളും കൃഷി ചെയ്യാന്‍ ആരംഭിച്ചു. വന്യമൃഗങ്ങളുടെ നിരന്തരശല്യം, പ്രതികൂല കാലാവസ്ഥ ഇവ കാരണം ഭക്ഷ്യവിള കൃഷി തുടര്‍ന്നു പോകുന്നതിന് സാധിച്ചില്ല. തന്മൂലം കര്‍ഷകരുടെ ശ്രദ്ധ നാണ്യവിളകളിലേക്ക് തിരിഞ്ഞു. തല്‍ഫലമായി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ കുരുമുളക് കൃഷി വ്യാപകമായി. പ്രത്യേകിച്ച് മാവടി, നാല്‍പ്പതേക്കര്‍, ചെമ്മണ്ണാര്‍ തുടങ്ങിയ മേഖലകളില്‍ കുരുമുളക് കൃഷി പെട്ടെന്ന് വ്യാപിച്ചു. കരുമുണ്ട, ചെങ്ങന്നൂര്‍, നീലമുണ്ടി എന്നീ ഇനങ്ങള്‍ കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്നാണ് കൃഷി ചെയ്തത്. വളരെ വേഗത്തില്‍ പടര്‍ന്നു പിടിച്ച ദ്രുതവാട്ടം എന്ന രോഗം കുരുമുളക് കൃഷി നാശോന്മുഖമാക്കി. ഇതില്‍ നിന്നും കര്‍ഷകര്‍ക്ക് മോചനം ലഭിക്കുന്നതിനുവേണ്ടി കുരുമുളക് സംരക്ഷണ സമിതികള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും കൃഷി വകുപ്പ് വഴി ഈ രോഗത്തിനെതിരെ മരുന്നു തളിക്കുന്നതിനും മണ്ണ് കുതിര്‍ക്കുന്നതിനുമുള്ള കുമിള്‍ നാശിനികള്‍ കര്‍ഷകരിലെത്തിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. കൂടെക്കൂടെയുള്ള പ്രകൃതിക്ഷോഭം കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ഉല്പാദനക്ഷമത കുറയ്ക്കുകയും ചെയ്തു. കാര്‍ഷിക മേഖലയായ ഈ പഞ്ചായത്തില്‍ കന്നുകാലി വളര്‍ത്തല്‍ ഒരു പ്രധാന ഉപതൊഴിലാണ്. പശു, എരുമ, ആട് എന്നിവയാണ് വളര്‍ത്തുമൃഗങ്ങള്‍.

പഞ്ചായത്തിലൂടെ

ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടം ബ്ളോക്കിലാണ് ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് 1958-ലാണ് ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിന് 84 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത്, തെക്ക് നെടുംകണ്ടം ഗ്രാമപഞ്ചായത്ത്, കിഴക്ക് തമിഴ്നാട് സംസ്ഥാന അതിര്‍ത്തി, പടിഞ്ഞാറ് കൊന്നത്തടി ഗ്രാമപഞ്ചായത്ത് എന്നിവയാണ്. മൊത്തം വിസ്തൃതിയുടെ 70 ശതമാനം വനപ്രദേശമാണ്. ചതുരംഗപ്പാറമേട്, ചാക്കുളത്തുമേട്, നെയ്യാണ്ടിമല, പന്നിത്തലമേട് എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന മലകള്‍. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 28342 ആണ് ഇതില്‍ 14655 പേര്‍ സ്ത്രീകളും, 13687 പേര്‍ പുരുഷന്‍മാരുമാണ്. പഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 91.07% ആണ്. ഉടുമ്പന്‍ചോല ഒരു മലനാടന്‍ പ്രദേശമാണ്. ഏലമാണ് ഈ പഞ്ചായത്തില്‍ പ്രധാനമായും കൃഷി ചെയ്തുവരുന്ന വിള. ഇതുകൂടാതെ കുരുമുളക്, കാപ്പി, വാഴ, കമുക്, തെങ്ങ് എന്നിവയും കൃഷി ചെയ്യുന്നു. ചെമ്മണ്ണാര്‍, കൈലാസം പുഴ, ശാന്തരവി പുഴ എന്നിവയാണ് ഈ പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകള്‍. കുടിവെള്ളത്തിനായി 19-ഉം, ജലസേചനത്തിനായി 9-ഉം കുളങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 12 പൊതുകിണറുകളും 13 പൊതു കുടിവെള്ള ടാപ്പുകളും ഈ പഞ്ചായത്തിലുണ്ട്. 65 തെരുവുവിളക്കുകള്‍ ഈ ഗ്രാമത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. കുമളി-മൂന്നാര്‍ റോഡ് ഈ ഗ്രാമപഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. നെടുങ്കണ്ടമാണ് പഞ്ചായത്തിനകത്തുള്ള പ്രധാന ബസ് സ്റ്റാന്റ്. ഗ്രാമപഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോട്ടയമാണ്. കൊച്ചിയാണ് തൊട്ടടുത്തുള്ള തുറമുഖം. ഗ്രാമവാസികള്‍ വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകള്‍ ഈ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ ഒരു മാവേലി സ്റ്റോറും ഈ പഞ്ചായത്തിന്റേതായി പ്രവര്‍ത്തിക്കുന്നു. ഉടുമ്പന്‍ചോല, ചെമ്മാര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍. ഉടുമ്പന്‍ചോലയില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സും പ്രവര്‍ത്തിക്കുന്നു. മീനാക്ഷിയമ്മന്‍ കോവില്‍ മാട്ടുത്താഴം, ശ്രീഗണപതി ക്ഷേത്രം, ശിവക്ഷേത്രം കൈലാസം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങള്‍. സെന്റ് സേവ്യേഴ്സ് ചര്‍ച്ച് ചെമ്മണ്ണാര്‍, സെന്റ് മേരീസ് കല്ലുപാലം, വേളാങ്കണ്ണി മാതാ മയിലാടുംപാറ എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍. പ്രാഥമിക ആരോഗ്യരംഗത്ത് ഉടുമ്പന്‍ചോലയില്‍ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും, മാവാടി, ചെമ്മണ്ണാര്‍, കല്ലുപാലം, ചതുരംഗപ്പാറ എന്നിവടങ്ങളിലായി നാല് പ്രൈമറി ഹെല്‍ത്ത് സെന്‍ററും പ്രവര്‍ത്തിക്കുന്നു. പാറത്തോടില്‍ ഒരു ആയുര്‍വേദ ആശുപത്രിയും നിലവിലുണ്ട്. ആംബുലന്‍സ് സേവനത്തിനായി ശാന്തന്‍പാറ പഞ്ചായത്ത് ആംബുലന്‍സ്, നെടുങ്കണ്ടം താലൂക്ക് ഹോസ്പിറ്റല്‍, കരുണാ ഹോസ്പിറ്റല്‍-നെടുങ്കണ്ടം എന്നിവയെയാണ് ഗ്രാമവാസികള്‍ ആശ്രയിക്കുന്നത്. മൃഗസംരക്ഷണ രംഗത്ത് ചെമ്മണ്ണാറില്‍ ഒരു സര്‍ക്കാര്‍ വെറ്റിനറി ആശുപത്രിയും, ചെമ്മണ്ണാറില്‍ തന്നെ ഒരു കൃത്രിമ ബീജസങ്കലന കേന്ദ്രവും ഈ ഗ്രാമപഞ്ചായത്തിന്റേതായി പ്രവര്‍ത്തിക്കുന്നു. 1960-ല്‍ ആദ്യമായി ഈ പഞ്ചായത്തിലെ ചെമ്മണ്ണാര്‍-പള്ളിക്കുന്ന് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1962-ല്‍ ഈ സ്ഥാപനം കൂടുതല്‍ സൌകര്യാര്‍ത്ഥം ചെമ്മണ്ണാറിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ സ്കൂള്‍ കോതമംഗലം കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ഒരു അംഗീകൃത എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂള്‍ മാനേജ്മെന്റിന്റെയും തദ്ദേശവാസികളുടെയും അക്ഷീണ ശ്രമഫലമായി 1979-ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ ഉടുമ്പന്‍ചോല സര്‍ക്കാര്‍ എല്‍.പി സ്കൂള്‍, സെന്റ് ബെനഡിക്ട് എല്‍.പി. സ്കൂള്‍ സ്ളീവാമല, സെന്റ് ജോസഫ്സ് എല്‍.പി സ്കൂള്‍ മാവടി, വിജയമാതാ പബ്ളിക് സ്കൂള്‍ കല്ലുപാലം, സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ 24 അംഗന്‍വാടികളും ഈ പഞ്ചായത്തിലുണ്ട്. ധനകാര്യമേഖലയില്‍ ഉടുമ്പന്‍ചോലയിലായി യൂണിയന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു. സഹകരണമേഖലയില്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്-ഉടുമ്പന്‍ചോല, ജില്ല-സഹകരണബാങ്ക് ചെമ്മണ്ണാര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ ഒരു വൃദ്ധസദനം നിലവിലുണ്ട്. പാറത്തോടില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തിക്കുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഉടുമ്പന്‍ചോല, വൈ.എം.സി.എ ക്ളബ് ചെമ്മണ്ണാര്‍, ഗ്രാമീണ വായനസാല പള്ളിക്കുന്ന് എന്നിവയാണ് പഞ്ചായത്തിലെ ഗ്രന്ഥശാലകള്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.സി.ആര്‍.ഐ മയിലാടുംപാറയില്‍ പ്രവര്‍ത്തിക്കുന്നു. ഉടുമ്പന്‍ചോല, പാറത്തോട് (നെടുങ്കണ്ടം), ചതുരംഗപ്പാറ എന്നിവിടങ്ങളില്‍ വില്ലേജ് ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നു. ഉടുമ്പന്‍ചോലയില്‍ കൃഷിഭവനും, നെടുങ്കണ്ടത്ത് വാട്ടര്‍ അതോറിറ്റി ഓഫീസും പ്രവര്‍ത്തിക്കുന്നു. ഉടുമ്പന്‍ചോലയില്‍ ഒരു പോലീസ് ഔട്ട് പോസ്റ്റും സ്ഥിതി ചെയ്യുന്നു. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ 2 തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2 ടെലിഫോണ്‍ എക്സ്ചേഞ്ചുകളും ഈ പഞ്ചായത്തിന്റേതായി പ്രവര്‍ത്തിക്കുന്നു.